കോല്‍ക്കത്ത: റെഡ് ബോള്‍ ക്രിക്കറ്റിലെ ചരിത്രനിമിഷങ്ങള്‍ക്കു വേദിയായ കോല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ ഇന്നു മുതല്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍. ഇന്ത്യ x ദക്ഷിണാഫ്രിക്ക രണ്ടു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ പോരാട്ടം ഇന്നു രാവിലെ 9.30ന് ഈഡന് ഗാര്‍ഡന്‍സില്‍ അരങ്ങേറും. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ നയിക്കുന്ന സ്പിന്‍ യുദ്ധമാണ് ഇന്ത്യയില്‍നിന്ന് ദക്ഷിണാഫ്രിക്ക പ്രതീക്ഷിക്കുന്നത്. സന്ദര്‍ശകരുടെ കൈയില്‍ മറുമരുന്നുണ്ടോയെന്നു കാത്തിരുന്നുകാണാം. സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളിലും ജിയൊ ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം.
ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ടീം ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് പരമ്പരയാണ്. ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില്‍വച്ച് അഞ്ച് മത്സര പരമ്പര 2-2നു സമനിലയാക്കിയ ഗില്ലും സംഘവും, വെസ്റ്റ് ഇന്‍ഡീസിനെതിരേ സ്വന്തം മണ്ണില്‍ 2-0നു പരമ്പര സ്വന്തമാക്കിയിരുന്നു. ഗില്ലിന്റെ ക്യാപ്റ്റന്‍സിയിലെ രണ്ടാം ടെസ്റ്റ് പരമ്പര ട്രോഫിയാണ് പ്രോട്ടീസിനെതിരേ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ലക്ഷ്യം. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടാവകാശികളാണ് ദക്ഷിണാഫ്രിക്ക എന്നതും, പാക്കിസ്ഥാന് പര്യടനം 1-1 സമനിലയിലാക്കിയശേഷമാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മറ്റൊരു പരമ്പരയ്ക്ക് അവര്‍ ഇറങ്ങുന്നതെന്നതും ശ്രദ്ധേയം.
ഹോം റിക്കാര്‍ഡ്
ഹോം റിക്കാര്‍ഡിന്റെ പുതിയ അധ്യായമാണ് ശുഭ്മാന്‍ ഗില്ലിന്റെ ടീം ഇന്ത്യ കുറിക്കാനൊരുങ്ങുന്നത്. ഹോം പരമ്പരകളിലെ ഇന്ത്യയുടെ നീണ്ട അപരാജിതത്വത്തിന് കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡ് വിരാമമിട്ടിരുന്നു. 3-0നായിരുന്നു ന്യൂസിലന്‍ഡ് ഇന്ത്യയില്‍ വെന്നിക്കൊടി പാറിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ പരമ്പര തൂത്തുവാരിയെന്നത് ഇന്ത്യന്‍ കരുത്തിന്റെ നേര്‍ചിത്രമല്ല. വിന്‍ഡീസിനേക്കാള്‍ ശക്തരായ ദക്ഷിണാഫ്രിക്ക ഇന്ത്യക്കു വെല്ലുവിളി സൃഷ്ടിക്കും. ദക്ഷിണാഫ്രിക്കന്‍ നിരയിലെ എട്ട് കളിക്കാര്‍ക്ക് ഇന്ത്യയില്‍ ടെസ്റ്റ് കളിച്ചു പരിചയമില്ല. എന്നാല്‍, ഇന്ത്യ ഒരു മികച്ച ടെസ്റ്റ് ഇലവനെ കണ്ടെത്തിട്ടില്ലെന്നതാണ് പ്രോട്ടീസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്.
2010നുശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയില്‍ ഒരു ടെസ്റ്റ് ജയമില്ലെന്നതും ശ്രദ്ധേയം. 2000ല്‍ ആണ് ദക്ഷിണാഫ്രിക്ക അവസാനമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടിയത്.
പ്രോട്ടീസിനു കഠിനം
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് അവരുടെ ഏറ്റവും വലിയ പരീക്ഷണമാണ് ഇന്നാരംഭിക്കുന്നത്. ഇന്ത്യയില്‍ സ്പിന്‍ അനുകൂല സാഹചര്യമുള്‍പ്പെടെ പ്രോട്ടീസിനു വെല്ലുവിളിയാണ്.
ഇന്ത്യയില്‍ അവസാനം കളിച്ച ഏഴ് മത്സരങ്ങളില്‍ (2015, 2019) ഒരെണ്ണം മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കു സമനില നേടാന്‍ സാധിച്ചത്; അതാകട്ടെ മഴയില്‍ മത്സരം മുടങ്ങിയതുകൊണ്ടായിരുന്നു. ബാക്കി ആറ് ടെസ്റ്റില്‍ രണ്ട് എണ്ണത്തില്‍ ഇന്നിംഗ്സ് തോല്‍വി വഴങ്ങി. ശേഷിച്ച നാല് തോല്‍വികളും 108 മുതല്‍ 337 വരെ റണ്‍സ് വ്യത്യാസത്തിലായിരുന്നു.
ടീം വാര്‍ത്തകള്‍
ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരും (ഋഷഭ് പന്ത്, ധ്രുവ് ജുറെല്‍) ഉണ്ടാകുമെന്നാണ് ടീം വൃത്തങ്ങള്‍ നല്കിയ സൂചന. സ്പെഷലിസ്റ്റ് ബാറ്ററായാണ് ജുറെലിനെ ഉള്‍പ്പെടുത്തുക. ദക്ഷിണാഫ്രിക്ക എയ്ക്ക് എതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എയ്ക്കുവേണ്ടി ജുറെല്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറിയുമായി പുറത്താകാതെ നിന്നിരുന്നു. സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ 10 റണ്‍സ്കൂടി നേടിയാല്‍, 300 വിക്കറ്റും 4000 റണ്‍സുമുള്ള രണ്ടാമത് ഇന്ത്യക്കാരനും ലോകത്തിലെ നാലാമനുമാകും. കപില്‍ ദേവ് (ഇന്ത്യ), ഇയാന്‍ ബോതം (ഇംഗ്ലണ്ട്), ഡാനിയേല്‍ വെട്ടോറി (ന്യൂസിലന്‍ഡ്) എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.
60 ടെസ്റ്റ് പരിചയമുള്ള കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയുടെ സ്പിന്‍ ആക്രമണം നയിക്കുന്നത്. ഇന്ത്യന്‍ പിച്ച് സ്പിന്നിന് അനുകൂലമാണെന്നതിനാൽ കേശവ് മഹാരാജിലായിരിക്കും പ്രോട്ടീസിന്റെ ബൗളിംഗ് ആക്രമണ ചുമതല. പേസര്‍മാരായ കഗിസൊ റബാഡ, മാര്‍ക്കോ യാന്സണ് എന്നിവരും കേശവിനൊപ്പം ചേരും.
ദക്ഷിണാഫ്രിക്ക @ ഇന്ത്യ
ഇന്ത്യയിൽവച്ചുള്ള മത്സരങ്ങൾ
ആകെ ടെസ്റ്റ്: 19
ഇന്ത്യന്‍ ജയം: 11
ദക്ഷിണാഫ്രിക്കൻ ജയം: 05
സമനില: 03
ഇന്ത്യ x ദക്ഷിണാഫ്രിക്ക
ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ
ആകെ ടെസ്റ്റ്: 44
ഇന്ത്യന്‍ ജയം: 16ദ
ക്ഷിണാഫ്രിക്കൻ ജയം: 18
സമനില: 10